കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ച സംഭവത്തിൽ തടവുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ചെരുപ്പിൽ ദ്വാരമുണ്ടാക്കി അതിനുള്ളിൽ ചെറിയ കവറിൽ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു പിടിയിലായത്.
സന്ദർശകരെന്ന വ്യാജേനയാണ് രണ്ടുപേർ തടവുകാരനെ കാണാൻ ജയിലിലെത്തിയത്. ഇവർ തടവുകാരനുമായി ഫോണിലൂടെ ആശയവിനിമയം നടത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ അധികൃതർക്ക് ലഭിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിവസ്തുക്കളും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ കടത്താൻ ശ്രമിച്ച സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. മതിലിനു പുറത്തുനിന്ന് ബീഡി, സിഗരറ്റ്, മദ്യം തുടങ്ങിയവ അകത്തേക്ക് എറിഞ്ഞുനൽകുന്ന രീതിയും മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ജയിലിനുള്ളിലെ ലഹരി കടത്ത് തടയാൻ പരിശോധനകൾ ശക്തമാക്കിയതിനിടയിലാണ് ചെരുപ്പിൽ ഒളിപ്പിച്ച നിലയിൽ ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.
